കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയ പശ്ചാത്തലത്തിൽ വിഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി നിർത്താനുള്ള നീക്കങ്ങൾക്കെതിരെ ജനരോഷം ശക്തമാകുന്നു. കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും ഹൈക്കമാൻഡ് സ്വാധീനമുപയോഗിച്ചും എംഎൽഎമാരുടെ പിന്തുണ കാണിച്ചും മുഖ്യമന്ത്രി പദത്തിലേക്ക് പിൻവാതിൽ വഴി കടന്നുവരാൻ ശ്രമിക്കുന്നത് ജനഹിതത്തിന് വിരുദ്ധമാണ്. വിഡി സതീശൻ എന്ന നേതാവിന്റെ പ്രവർത്തന മികവും വികസന കാഴ്ചപ്പാടും കണ്ടാണ് കേരളത്തിലെ വോട്ടർമാർ യുഡിഎഫിന് ഇത്രയും വലിയ ഭൂരിപക്ഷം നൽകിയത്. സ്വന്തം രാഷ്ട്രീയ ഭാവി പോലും പണയം വെച്ചെടുക്കുന്ന അദ്ദേഹത്തിന്റെ നിലപാടുകളാണ് ജനങ്ങൾക്കിടയിൽ വിശ്വാസ്യത ഉണ്ടാക്കിയത്.
യുഡിഎഫ് ജയിച്ചാൽ പോലും 100ൽ കുറവ് സീറ്റ് നേടിയൽ വിഡി സതീശനെ രാഷ്ട്രീയമായി തകർക്കാൻ നോക്കിയിരുന്ന ഇടതുപക്ഷത്തിന്റെ വായടപ്പിക്കുന്ന വിജയമാണ് അദ്ദേഹം നേടിയെടുത്തത്. ഇതിൽ കോൺഗ്രസ് വോട്ടുകൾ മാത്രമല്ല, നിഷ്പക്ഷരായ ജനങ്ങളുടെ പിന്തുണയും വലിയ ഘടകമാണ്. എന്നെപ്പോലെ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമല്ലാത്ത നിഷ്പക്ഷരായ ജനങ്ങളുടെ വലിയ പ്രതീക്ഷയാണ് സതീശൻ. ഇടതുപക്ഷ വോട്ടുകൾ പോലും ഇത്തവണ കോൺഗ്രസിലേക്ക് ഒഴുകാൻ കാരണം അദ്ദേഹത്തിലുള്ള വിശ്വാസമാണ്. ജനങ്ങളുടെ പൾസ് മനസ്സിലാക്കാതെ പ്രവർത്തിച്ചതുകൊണ്ടാണ് എൽഡിഎഫ് ഇന്ന് തിരിച്ചടി നേരിടുന്നത്. വയനാട്ടിൽ മത്സരിച്ച് ജയിച്ച് പിന്നീട് സീറ്റ് ഒഴിഞ്ഞ രാഹുൽ ഗാന്ധിയുടെയും ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച പ്രിയങ്ക ഗാന്ധിയുടെയും വിജയങ്ങളിൽ പോലും വിഡി സതീശൻ എന്ന നേതാവിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസം ഒരു പ്രധാന ഘടകമായിരുന്നു. കഴിഞ്ഞ കുറച്ചു കാലമായി നടന്ന ഉപതിരഞ്ഞെടുപ്പുകളിലും തദ്ദേശ തിരഞ്ഞെടുപ്പുകളിലും യുഡിഎഫ് നേടിയ മുന്നേറ്റം സതീശൻ എന്ന ജനകീയ നേതാവിന്റെ മികവ് ഒന്നുമാത്രമാണ്.
ഇപ്പോൾ കെസി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കി വീണ്ടും ഉപതിരഞ്ഞെടുപ്പുകളിലേക്ക് നാടിനെ തള്ളിവിടുന്നത് നികുതിപ്പണം ദുർവിനിയോഗം ചെയ്യുന്നതിന് തുല്യമാണ്. ധൂർത്ത് നടത്തി ഭരണം നടത്തിയ എൽഡിഎഫിന്റെ തുടർച്ചയായാണ് കോൺഗ്രസ് ഭരണത്തിന്റെ ഈ ആദ്യ നീക്കത്തെ ജനങ്ങൾ കാണുന്നത്. ഗ്രൗണ്ടിലിറങ്ങി മുഴുവൻ ലാപ്പും ഓടി ടീമിനെ വിജയത്തിലെത്തിച്ചത് സതീശനാണെങ്കിൽ, കപ്പടിക്കാൻ മാത്രം വേറെ ഒരാൾ വരുന്നത് അംഗീകരിക്കാനാവില്ല. പണ്ട് സീനിയർ ആയിരുന്നു എന്ന അവകാശവാദവുമായി വരുന്ന രമേശ് ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രിയാകാൻ അവസരം ലഭിച്ചിട്ടും എൽഡിഎഫിന് തുടർഭരണം ഉണ്ടാക്കിക്കൊടുത്തത് അദ്ദേഹത്തിന്റെ പരാജയമാണ്. തകർന്നു കിടന്ന പ്രതിപക്ഷത്തെ ഭരണപക്ഷത്തേക്ക് കൊണ്ടുവരാൻ രാപ്പകൽ അധ്വാനിച്ചത് വിഡി സതീശനാണ്.
എതിർപ്പാർട്ടിക്കാരെ പോലും വിശ്വാസത്തിലെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത് കടമെടുത്ത് വികസനം നടത്തുന്ന പഴയ ശൈലിക്ക് പകരമായി അദ്ദേഹം മുന്നോട്ടുവെച്ച നൂതനമായ വികസന കാഴ്ചപ്പാടുകൾ കൊണ്ടാണ്. നികുതി കൂട്ടിയും കടമെടുത്തും പാലങ്ങളും റോഡുകളും പണിയുന്നതും ഫ്രീബികൾ നൽകുന്നതുമല്ല യഥാർത്ഥ വികസനമെന്ന് അദ്ദേഹം അടിവരയിട്ട് പറഞ്ഞിരുന്നു. പാവപ്പെട്ടവരെ സാമ്പത്തികമായി ഉയർത്തി അവരെ നികുതി അടയ്ക്കാൻ പ്രാപ്തരാക്കുന്ന പദ്ധതികൾ, ഗതാഗത മേഖലയിലെ നവീന ആശയങ്ങൾ, വിദ്യാഭ്യാസ പരിഷ്കരണം, എഐ നടപ്പിലാക്കൽ, സർക്കാർ ജോലിയിൽ ഉത്തരവാദിത്തം ഉറപ്പാക്കൽ തുടങ്ങി വിഡി സതീശൻ മുന്നോട്ടുവെച്ച നൂറുകണക്കിന് ആശയങ്ങൾ കേട്ടാണ് കേരളം വോട്ട് ചെയ്തത്. വോട്ട് ചോദിക്കുമ്പോൾ കാണിച്ച മുഖം ജയിച്ചു കഴിഞ്ഞപ്പോൾ മാറ്റുന്നത് വോട്ടർമാരോടുള്ള വഞ്ചനയാണ്. അദ്ദേഹം മുഖ്യമന്ത്രിയാകും എന്ന് കണ്ടു നൽകിയ ഈ വിധി അട്ടിമറിച്ചാൽ കോൺഗ്രസിന് ലഭിക്കുന്ന തിരിച്ചടി പ്രവചനാതീതമായിരിക്കും.
അഭിപ്രായങ്ങൾ (0)
കമന്റ് ചെയ്യാൻ ലോഗിൻ ചെയ്യുക
ഇതുവരെ അഭിപ്രായങ്ങൾ ഇല്ല. ആദ്യത്തെ ആളാകൂ!