കേരളത്തെ ഒന്നടങ്കം വിഴുങ്ങിക്കൊണ്ടിരുന്ന മയക്കുമരുന്ന് മാഫിയക്കെതിരെ പുതിയ ഗവൺമെന്റ് പ്രഖ്യാപിച്ച 'ഓപ്പറേഷൻ തൂഫാൻ' (The Narco Hunt) വെറും 3-4 ദിവസങ്ങൾ പിന്നിടുമ്പോൾ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. കൊച്ചിയിലും കണ്ണൂരിലും പത്തനംതിട്ടയിലുമെല്ലാം തുടർച്ചയായി നടക്കുന്ന ഈ വൻ സ്രാവുകളുടെ അറസ്റ്റുകൾ ഒരു വലിയ ചോദ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്; ഇത്രയും കാലം ഇതേ ഉദ്യോഗസ്ഥരെ തടഞ്ഞു നിർത്തിയത് ആരായിരുന്നു? കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കേരളത്തിലെ വിദ്യാലയങ്ങളിലും തെരുവുകളിലും MDMA-യും കഞ്ചാവും ഐസ് മെത്തും അടക്കമുള്ള മാരക ലഹരിവസ്തുക്കൾ സുലഭമായി ഒഴുകിയപ്പോൾ മുൻ ഭരണകൂടം എന്ത് ചെയ്യുകയായിരുന്നു എന്ന് ഈ ഏതാനും ദിവസത്തെ കണക്കുകൾ കൃത്യമായി തെളിയിക്കുന്നു.
ആഭ്യന്തര വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സംസ്ഥാനത്ത് വലിയ രീതിയിലുള്ള ലഹരിവേട്ടയാണ് നടന്നിരിക്കുന്നത്:
- രജിസ്റ്റർ ചെയ്ത ആകെ കേസുകൾ: 728 കേസുകൾ
- അറസ്റ്റിലായവർ: രണ്ട് വിദേശ പൗരന്മാർ ഉൾപ്പെടെ 795 പേർ
- പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ മൂല്യം: ഏകദേശം 60 ലക്ഷത്തിലധികം രൂപ
- പിടിച്ചെടുത്ത മാരക മയക്കുമരുന്നുകൾ: 625.6 ഗ്രാം MDMA, 48.049 കിലോഗ്രാം കഞ്ചാവ്, 136 ഗ്രാം ഹാഷിഷ് ഓയിൽ, 480 കഞ്ചാവ് ബീഡികൾ.
സംസ്ഥാനത്ത് പുതിയ ഭരണമാറ്റം ഉണ്ടായി, ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയുള്ള നേതൃത്വം വന്നപ്പോൾ ഇതേ പോലീസ് സംവിധാനമാണ് ഡൽഹിയിലും ബംഗളൂരുവിലും ചെന്ന് അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയിലെ വിദേശികളായ വൻ തോക്കുകളെപ്പോലും സാഹസികമായി പൊക്കിയത്. മൂന്ന് ദിവസം കൊണ്ട് ഇത്രയും വലിയ വേട്ട നടത്താൻ നമ്മുടെ പോലീസിന് കഴിഞ്ഞുവെങ്കിൽ, കഴിഞ്ഞ പത്തു വർഷമായി ലഹരി മാഫിയ ഇവിടെ തഴച്ചുവളർന്നത് മുൻ ഭരണകൂടത്തിന്റെ നിഷ്ക്രിയത്വവും വഴിവിട്ട ഒത്താശയും കൊണ്ടുതന്നെയാണെന്ന് വ്യക്തം. മാഫിയകളെ തൊട്ടാൽ കൈപൊള്ളുമെന്ന ഉദ്യോഗസ്ഥരുടെ ഭയമാണ് ഈ പുതിയ ദൗത്യത്തിലൂടെ ഇല്ലാതായത്. നിയമപാലകർക്ക് കൃത്യമായ സ്വാതന്ത്ര്യവും പിന്തുണയും നൽകിയാൽ ദിവസങ്ങൾക്കുള്ളിൽ ലഹരിയുടെ വേരറുക്കാൻ കഴിയുമെന്ന് 'ഓപ്പറേഷൻ തൂഫാൻ' തെളിയിച്ചു കഴിഞ്ഞു.
ലഹരിവ്യാപനത്തെ മുൻ സർക്കാർ എത്രത്തോളം ലഘൂകരിച്ചാണ് കണ്ടിരുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു മുൻ മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ പൊതുവേദികളിൽ നടത്തിയ പ്രസ്താവനകൾ. കായംകുളം MLA-യുടെ മകൻ കഞ്ചാവ് കേസിൽ പിടിക്കപ്പെട്ടപ്പോൾ, അതിനെ ന്യായീകരിക്കാൻ ഒരു സംസ്ഥാന മന്ത്രി തന്നെ നേരിട്ടിറങ്ങിയത് കേരളം കണ്ടതാണ്. കുട്ടികൾ ആകുമ്പോൾ കൂട്ടു കൂടും, ചിലപ്പോൾ സിഗരറ്റ് വലിക്കും, അതിലിപ്പോൾ എന്താണ് ഇത്ര വലിയ തെറ്റ് എന്ന രീതിയിലായിരുന്നു അന്ന് മന്ത്രിയുടെ പരസ്യമായ ന്യായീകരണം. മയക്കുമരുന്ന് മാഫിയയുടെ പിടിയിൽ പെടുന്ന സ്വന്തം പാർട്ടിക്കാരുടെയും leaders-ന്റെ മക്കളുടെയും തെറ്റുകളെ വെറും കൗമാര ചാപല്യം എന്ന് വിളിച്ച് വെള്ളപൂശാൻ ശ്രമിച്ച ഒരു ഭരണകൂടമായിരുന്നു മുൻപത്തേത്.
ഒരു ഭാഗത്ത് ലഹരി വിരുദ്ധ ക്യാമ്പയിനുകൾക്കായി കോടികൾ ഒഴുക്കുമ്പോൾ, മറുഭാഗത്ത് സ്വന്തം അണികളും നേതാക്കളുടെ മക്കളും പ്രതികളാകുമ്പോൾ കേസ് അട്ടിമറിക്കാനും ഉദ്യോഗസ്ഥരുടെ കൈ കെട്ടിയിടാനുമാണ് മുൻ ആഭ്യന്തര വകുപ്പ് ശ്രമിച്ചത്. ഈ രാഷ്ട്രീയ അനാസ്ഥയുടെ ദുരന്തഫലമാണ് ലക്ഷക്കണക്കിന് യുവാക്കളുടെ ജീവിതം തകർത്തുകൊണ്ട് സംസ്ഥാനത്ത് ലഹരി മാഫിയ പടർന്നു പന്തലിക്കാൻ കാരണമായത്. മുൻ സർക്കാരിന്റെ കാലത്ത് ലഹരിക്കെതിരെയുള്ള നടപടികൾ വെറും പ്രഹസനമായി മാറിയടത്താണ് പുതിയ മുഖ്യമന്ത്രി വി. ഡി. സതീശനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചേർന്ന് പോലീസിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി ഈ വേട്ടയ്ക്ക് തുടക്കമിട്ടത്. ഐജി പുട്ട വിമലാദിത്യയുടെ നേതൃത്വത്തിലുള്ള സ്പെഷ്യൽ സ്ക്വാഡുകൾ ഇന്ന് കേരളത്തിലെ ഓരോ കോണിലും ലഹരി വിതരണക്കാരെ വിറപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ തണലിൽ ലഹരി വിറ്റ് നാടിനെ നാശത്തിലേക്ക് നയിച്ചവർക്കുള്ള ശക്തമായ താക്കീതാണ് ഈ ദിവസങ്ങളിൽ കേരളം കാണുന്നത്.
അഭിപ്രായങ്ങൾ (0)
കമന്റ് ചെയ്യാൻ ലോഗിൻ ചെയ്യുക
ഇതുവരെ അഭിപ്രായങ്ങൾ ഇല്ല. ആദ്യത്തെ ആളാകൂ!