മലയാളിയുടെ സാമൂഹ്യബോധം ഇന്ന് എവിടെ എത്തിനിൽക്കുന്നു എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് അടുത്തകാലത്തായി സോഷ്യൽ മീഡിയയിൽ കണ്ടുവരുന്ന അനാവശ്യമായ തർക്കങ്ങൾ. 'അമ്മ' എന്ന താരസംഘടനയിൽ ആര് രാജിവെച്ചു, ആര് വന്നു, ആര് ആരോട് എന്ത് പറഞ്ഞു എന്നതിനെച്ചൊല്ലി അന്തിച്ചർച്ചകളും ഫേസ്ബുക്ക് പോരാട്ടങ്ങളും പൊടിപൊടിക്കുകയാണ്. സിനിമ എന്ന തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ വെൽഫെയറിനും ഏകോപനത്തിനുമായി രൂപീകരിച്ച ഒരു സ്വകാര്യ സംഘടനയുടെ ആഭ്യന്തര കാര്യങ്ങളിൽ സാധാരണ മലയാളി എന്തിന് ഇത്രയധികം ആകുലപ്പെടണം എന്നത് ഗൗരവകരമായ ചോദ്യമാണ്. ആ സംഘടനയുടെ മീറ്റിംഗുകളിൽ മോഹൻലാലോ സിദ്ദീഖോ മമ്മൂട്ടിയോ എന്ത് നിലപാടെടുത്തു എന്നത് നമ്മുടെ നിത്യജീവിതത്തെ ബാധിക്കുന്ന ഒന്നല്ല എന്ന യാഥാർത്ഥ്യം പലപ്പോഴും നാം മറന്നുപോകുന്നു.
സ്വന്തം ജീവിതത്തെ ബാധിക്കുന്ന വിഷയങ്ങളിൽ പുലർത്തുന്ന നിശബ്ദതയും സിനിമാ ലോകത്തെ വിഷയങ്ങളിൽ കാണിക്കുന്ന അമിതാവേശവും തമ്മിലുള്ള വൈരുധ്യം വലിയ പരിഹാസ്യമാണ്. സ്വന്തം വീടിന് മുന്നിലെ റോഡ് തകർന്നാലോ, കുടിവെള്ളം മുട്ടുമ്പോഴോ, മാലിന്യപ്രശ്നം രൂക്ഷമാകുമ്പോഴോ പ്രതികരിക്കാൻ മടിക്കുന്നവരാണ് നമ്മളിൽ പലരും. സ്വന്തം വാർഡിലെ ഗ്രാമസഭയിൽ പോയി ഒരു ചോദ്യം ചോദിക്കാനോ അഭിപ്രായം പറയാനോ തയ്യാറാകാത്തവർ പോലും ഒരു നടൻ മീറ്റിംഗിൽ സംസാരിച്ചില്ല എന്നതിനെച്ചൊല്ലി വലിയ ബഹളങ്ങൾ ഉണ്ടാക്കുന്നു. അവിടെ പുലർത്തുന്ന ഈ 'മാന്യമായ മൗനം' പക്ഷേ താരങ്ങളുടെ കാര്യത്തിൽ കാണാറില്ല. കഴുത്തോളം വെള്ളത്തിൽ മുങ്ങി നിൽക്കുമ്പോഴും അത് മാറ്റാൻ ശ്രമിക്കാതെ, എവിടെയോ പെയ്ത മഴയെക്കുറിച്ച് വേവലാതിപ്പെടുന്നവരോട് പുച്ഛം ആണ് തോന്നുന്നത്.
സിനിമ ഒരു വിനോദോപാധി മാത്രമാണ്, താരങ്ങൾ ആ മേഖലയിലെ തൊഴിലാളികളും. അവരുടെ സംഘടനയും അതിലെ തർക്കങ്ങളും ആ ചതുരശ്ര അടിക്ക് ഉള്ളിൽ തീരേണ്ടവയാണ്. അതിന് വേണ്ടി നമ്മുടെ വിലപ്പെട്ട സമയവും ഊർജ്ജവും കളയുന്നതിന് മുൻപ്, സ്വന്തം പഞ്ചായത്തിലോ വാർഡിലോ എന്താണ് നടക്കുന്നത് എന്ന് നോക്കാൻ നമുക്ക് കഴിയണം. നമ്മുടെ പ്രതിനിധികൾ നിയമസഭയിലോ പാർലമെന്റിലോ നമുക്ക് വേണ്ടി മിണ്ടുന്നുണ്ടോ എന്ന് പരിശോധിക്കാതെ, താരങ്ങളുടെ മൗനത്തെ കുറിച്ച് ഗവേഷണം നടത്തുന്നത് വിരോധാഭാസമാണ്. പ്രതികരിക്കേണ്ടിടത്ത് നിശബ്ദത പാലിക്കുകയും, അനാവശ്യ കാര്യങ്ങളിൽ പാണ്ഡിത്യം ചമയുകയും ചെയ്യുന്ന ഈ രീതി ഒരു പരിഷ്കൃത സമൂഹത്തിന് ഒരിക്കലും ചേർന്നതല്ല.
അഭിപ്രായങ്ങൾ (0)
കമന്റ് ചെയ്യാൻ ലോഗിൻ ചെയ്യുക
ഇതുവരെ അഭിപ്രായങ്ങൾ ഇല്ല. ആദ്യത്തെ ആളാകൂ!