രാഷ്ട്രീയത്തിലെ സത്യസന്ധതയും തകരുന്ന മൂല്യങ്ങളും

രാഷ്ട്രീയത്തിലെ സത്യസന്ധതയും തകരുന്ന മൂല്യങ്ങളും

രാഷ്ട്രീയ നേതൃത്വമാണ് ഒരു നാടിന് ദിശാബോധം നൽകുന്നത്. അധികാരം അവരിലാണ്, മറ്റേത് മേഖലയെയും നിയന്ത്രിച്ച് വരുതിയിലാക്കാൻ അവർക്ക് സാധിക്കും. ഒരു സമൂഹത്തിന്റെ മൊത്തത്തിലുള്ള പോക്ക് എങ്ങോട്ടാണെന്ന് തീരുമാനിക്കുന്നത് രാഷ്ട്രീയക്കാരാണ്. രാഷ്ട്രസ്നേഹം, കരുണ, ധർമ്മബോധം, സഹിഷ്ണുത, നിഷ്പക്ഷത, സത്യസന്ധത, അറിവ്, കഠിനാധ്വാനം, നിസ്വാർത്ഥ സേവനം എന്നിങ്ങനെ നാം ആഗ്രഹിക്കുന്ന എല്ലാ ഗുണങ്ങളും നമ്മുടെ നേതാക്കളിൽ ഉണ്ടാകണം എന്ന് നാം ആഗ്രഹിക്കുന്നു. അവരിൽ ഈ ഗുണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സമൂഹവും ആ ദിശയിലേക്ക് നീങ്ങുകയുള്ളൂ.

മറ്റേത് ഗുണവും കുറെയൊക്കെ അഭിനയിക്കാൻ സാധിച്ചേക്കാം, എന്നാൽ രാഷ്ട്രീയക്കാർക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും വലിയ ക്വാളിറ്റിയാണ് സത്യസന്ധത. ഇതില്ലെങ്കിൽ ജനാധിപത്യത്തിന്റെ അടിത്തറ ഇളകുകയും മറ്റെല്ലാ കാര്യങ്ങളുടെയും വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുകയും ചെയ്യും. കള്ളം പറയുന്ന ഒരുവനോട് ചേർന്ന് ബിസിനസ് ചെയ്യാനോ, അങ്ങനെയുള്ള ഒരാളെ ജീവിതപങ്കാളിയാക്കാനോ നാം ധൈര്യപ്പെടില്ല. നമ്മുടെ വീടിന്റെ താക്കോലോ പണമോ വിശ്വസിച്ച് ഏൽപ്പിക്കാൻ കൊള്ളാത്തവർ എങ്ങനെ നാടിന്റെ ഭരണം കൈയാളും? പാശ്ചാത്യ രാജ്യങ്ങളിൽ രാഷ്ട്രീയക്കാർ ജനങ്ങളോട് അസത്യം പറഞ്ഞാൽ അത് വലിയ കുറ്റമായി കാണുന്നത് അതുകൊണ്ടാണ്. നുണകളിൽ കെട്ടിപ്പൊക്കിയ ഒരു ഭരണകൂടം സമൂഹത്തിന്റെ നാശത്തിലേക്കുള്ള വഴിയാണ്.

ഇന്നത്തെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ സാധാരണക്കാരൻ നേരിടുന്ന പ്രധാന പ്രശ്നം ഉത്തരവാദിത്തമില്ലാത്ത അധികാരമാണ്. ഏത് തൊഴിൽ മേഖലയിലും തെറ്റ് സംഭവിച്ചാൽ നടപടികളുണ്ട്, എന്നാൽ വൻകിട പദ്ധതികൾ പാളിയാലോ ഖജനാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം വരുത്തിയാലോ ആരും ഇവിടെ ഉത്തരവാദിത്തം ഏറ്റെടുക്കാറില്ല. പരാജയത്തിന്റെ ഉത്തരവാദിത്തം എന്നത് രാഷ്ട്രീയ നിഘണ്ടുവിലില്ലാത്ത വാക്കായി മാറിയിരിക്കുന്നു. ഇന്ന് പറഞ്ഞത് നാളെ മാറ്റി പറയുന്നതിനെ രാഷ്ട്രീയ തന്ത്രമായി ആഘോഷിക്കുന്ന രീതിയും വാഗ്ദാനങ്ങൾ ലംഘിക്കാനുള്ളതാണെന്ന ധാരണയും തിരുത്തപ്പെടണം.

ഭയമോ പക്ഷപാതമോ പ്രീതിയോ വിദ്വേഷമോ കൂടാതെ പ്രവർത്തിക്കും എന്ന സത്യപ്രതിജ്ഞ പലപ്പോഴും വെറും ചടങ്ങായി മാറുന്നു. സ്വജനപക്ഷപാതം എന്നത് രാഷ്ട്രീയത്തിന്റെ അലിഖിത നിയമമായി മാറിയിരിക്കുകയാണ്. സ്വന്തം പാർട്ടിക്കാരെയോ ബന്ധുക്കളെയോ സഹായിക്കാത്ത ഒരു ജനപ്രതിനിധിയെ കണ്ടെത്തുക എന്നത് ഇന്ന് അസാധ്യമായിരിക്കുന്നു. ഇത് സത്യപ്രതിജ്ഞ എന്ന പ്രക്രിയയുടെ ഗൗരവം തന്നെ ഇല്ലാതാക്കുന്നു. ഒരു തെറ്റ് ചെയ്താൽ അത് ഏറ്റെടുക്കാനുള്ള മാനസിക നില പോലും ഇന്നത്തെ നേതൃത്വത്തിൽ കാണുന്നില്ല.

നമ്മുടെ കുട്ടികൾ ഇതെല്ലാം കാണുന്നുണ്ട് എന്നത് നാം ഗൗരവത്തോടെ കാണണം. സമൂഹത്തിലെ ഉന്നതർ ഏത് വിധേനയും കള്ളം പറഞ്ഞും ചതിച്ചും വിജയിക്കണം എന്ന് കാണിച്ചു കൊടുക്കുമ്പോൾ, നമ്മുടെ യുവതലമുറ അത് മാതൃകയാക്കുന്നതിൽ അത്ഭുതപ്പെടാനില്ല. വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങളും അധാർമ്മികതയും ഇതിന്റെ സ്വാഭാവിക ഫലമാണ്. കളിക്കളത്തിൽ കുട്ടികൾ മനോഹരമായി തോൽവിയെ സ്വീകരിക്കുന്നത് കണ്ടെങ്കിലും നേതാക്കൾ പഠിക്കണം. ഗ്രേസ്ഫുൾ ആയി തോൽക്കാനും കള്ളക്കളി കളിക്കാതിരിക്കാനുമുള്ള ബാലപാഠങ്ങൾ നമ്മുടെ രാഷ്ട്രീയ നേതൃത്വം തിരിച്ചറിയേണ്ടതുണ്ട്.

രാഷ്ട്രീയം എന്നത് റിസ്ക് ഇല്ലാത്ത ഒരു കരിയർ ഓപ്ഷൻ മാത്രമായി മാറരുത്. അവിടെ ധാർമ്മികതയ്ക്കും സത്യസന്ധതയ്ക്കും മുൻഗണന വേണം. വ്യക്തിവിദ്വേഷത്തിനപ്പുറം, നമ്മുടെ വ്യവസ്ഥിതിയിൽ ഒരു ഗുണപരമായ മാറ്റം കൊണ്ടുവരാൻ തയ്യാറായാൽ മാത്രമേ വരുംതലമുറയ്ക്ക് നമുക്ക് നല്ലൊരു മാതൃക നൽകാൻ സാധിക്കൂ. അല്ലാത്തപക്ഷം സത്യസന്ധർ ഈ നാടുവിട്ടു പോകുന്ന അവസ്ഥ തുടരുക തന്നെ ചെയ്യും.

ഈ വെബ്‌സൈറ്റിന്റെ രചയിതാവിന് മതമില്ല, ജാതിയില്ല, രാഷ്ട്രീയമില്ല. ഒരു സാധാരണ മനുഷ്യൻ മാത്രം.

മതമില്ല • ജാതിയില്ല • രാഷ്ട്രീയമില്ല • മനുഷ്യൻ മാത്രം

അഭിപ്രായങ്ങൾ (0)

ഇതുവരെ അഭിപ്രായങ്ങൾ ഇല്ല. ആദ്യത്തെ ആളാകൂ!